Friday, July 24, 2009

ചെറായിയിലെ മീറ്റ്

പെരുമ്പാവൂരില്‍ ബസ്സിറങ്ങി, ഒട്ടോപിടിച്ച് ചെറായിയിലേക്ക് എന്ന് പറഞ്ഞപ്പോള്‍തന്നെ, ഒട്ടോ ഡ്രൈവര്‍ പിറുപിറുക്കുന്നത് കേട്ടു “ചെറായിയില്‍ എന്താ വ്ര്‌ദ്ധജനങ്ങളുടെ സമ്മേളനമുണ്ടോ?, വടിയും കുത്തിപിടിച്ച് വയസ്സ് കാലത്ത് ഈ ആളുകളോക്കെ എന്തിനാ ചെറായിലേക്ക് വരുന്നത്?”

ഗേറ്റില്‍ സ്ഥാപിച്ചിരുന്ന എക്സ്‌റേ മെഷിനിനുള്ളിലൂടെ ചിലര്‍ എന്നെ പിടിച്ച്‌കിടത്തി തള്ളിവിട്ടു. ഒരു ചെളികുണ്ടില്‍ മൂക്കും കുത്തിവീണ എന്നെ രണ്ട് പേര്‍ ചേര്‍ന്ന് പിടിച്ചേഴുന്നേല്‍പ്പിച്ചു. “കാര്‍ന്നോരുടെ കൈയില്‍ ബോംബോ, മിസൈലോ, റോക്കറ്റോ ഉണ്ടോ” വളരെ സൌമ്യമായി അവര്‍ ചോദിച്ചു.

“ഞാന്‍ ഒരു പാവം ബ്ലോഗറാണ്, പൈപ്പ് ബോംബ് ഉണ്ടാക്കുന്നതെങ്ങനെ എന്ന പോസ്റ്റ് വായിച്ചിട്ടുണ്ട് എന്നാല്ലതെ, ബോംബിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല”

“നിങ്ങളുടെ വയറിനക്കത്ത്, മാരകമായ എന്തോകിടക്കുന്നുണ്ട്. മെഷിന്‍ വലിയവായില്‍ കരഞ്ഞത് കണ്ടില്ലെ”

“മക്കളെ, മുന്നാല് ദിവസമായി വല്ലതും കഴിച്ചിട്ട്, കുടല് പോലും ബാക്കിയുണ്ടോ എന്നാണെന്റെ സംശയം, വെറെ എന്താണ് എന്റെ വയറ്റില്‍“ എന്ന് ഞാന്‍ ചോദിച്ചത് അവര്‍ കേട്ടില്ല. ഒരാള്‍ ബലമായി എന്റെ ഷര്‍ട്ടഴിച്ചു. മറ്റോരാള്‍ ഷൂ അഴിച്ചു. പന്റഴിക്കാന്‍ ബെല്‍റ്റില്‍ കൈവെച്ചതും ഞാന്‍ അവനെ ദയനീയമായി നോക്കി, പാന്റഴിച്ചാല്‍ അതിനടിയില്‍ ഒന്നുമില്ലെന്ന് എങ്ങനെ ഞാന്‍ ഇവനോട് പറയും. ബ്ലോഗ് മീറ്റ് ഇത്രക്ക് “ക്കഥ പതിച്ചോ“ എന്നോരു സംശയം.

എന്റെ നോട്ടത്തിന്റെ അര്‍ഥം മനസിലാക്കിയാവണം, ഒരാള്‍ എന്നെ അടുത്തുള്ള ഒരു കാലിതോഴുത്തിലേക്ക് കൊണ്ട്പോയി. വാരിയെല്ലുകള്‍ എഴുന്നേറ്റ്നില്‍ക്കുന്ന എന്റെ അസ്ഥികൂടത്തിന്റെ ആക്ര്‌തിയില്‍ മനം‌നെന്ത്, അയാളെന്ന് വെറുതെവിട്ടു.

മുന്നാലാളുകള്‍ പരിചയെപ്പെട്ടപ്പോഴെക്കും, സമയം രണ്ട്‌മണി. പിന്നെ ഗ്രൂപ്പ് ചിത്രമെടുക്കുവാന്‍ എല്ലാവരും നിരനിരയായി നിന്നു.

ഇടത്തോട്ട്, അപ്പൂ ക്യാമറ ശരിയാക്കി പറഞ്ഞു. വലത്തോട്ട്, ഹരിഷ് പറഞപ്പോള്‍ എല്ലവരും വലത്തോട്ട് നിരങ്ങി.

അരമണിക്കുറിലധികം ഇടതും വലതും പറഞ്ഞ് അപ്പുവും ഹരിഷും ക്ഷീണിച്ചു. ഗതികെട്ട നിമിഷത്തില്‍, നിലവിളിയോടെ അപ്പു ആ സത്യം പറഞ്ഞു

“റൂള്‍ ഓഫ് തേഡ് അനുസരിച്ച് എല്ലാവരും നില്‍ക്കുമ്പോള്‍, പലരും റൂള്‍ ഓഫ് നയന്‍സിലാണ് എന്ത്‌ചെയ്യണമെന്ന് ഒരു ഐഡിയയും ഇല്ല.“

“എക്സ്പോസറും, ഡെപ്തും ശരിയാവുന്നില്ല” എന്ന് ഹാരിഷ് പരിതപിക്കുന്നു.

ഈ സമയത്താണ്, ഭക്ഷണത്തിനുള്ള ബെല്ലടിച്ചത്.
ക്യാമറ ശരിയാക്കി, തിരിഞ്ഞ്‌നോക്കിയ അപ്പു ഞെട്ടിപോയി. ഹാള് കാലി.

ഭക്ഷണശാലയില്‍, ആളുകള്‍ പിറുപിറുപ്പ് തുടങ്ങി, എല്ലാവരും പരസ്പരം ചോദിക്കുന്നു. “എവിടെ വെപ്പുകാരന്‍”

ആളുകള്‍ നാല്ഭാഗത്തും വെപ്പുകാരനെ തിരഞ്ഞ്‌ നടക്കുന്നതിനിടയിലാണ്, ആരോ വിളിച്ച്‌പറഞ്ഞത് “വെപ്പുകാരന്‍ എപ്പോഴെ സ്ഥലം വിട്ടു”

ഹാരിഷു, അനിലും, കൊഞ്ച്‌ക്ര്‌ഷിചെയ്യുന്ന പാടത്തേക്ക് എടുത്ത് ചാടി.
അപ്പു പുട്ട്‌കുറ്റിയും തൂക്കിപിടിച്ച്, കയ്യാലകള്‍ ചാടി കടന്ന് ഓടുന്നു.
ആകെ ബഹളമയം.

ഇതെല്ലാം കണ്ട്‌, തന്റെ കറുത്ത ബെന്‍സ് കാറില്‍, കറുത്ത ഗ്ലാസിനുള്ളിലൂടെ, കറുത്ത കണ്ണടയിലൂടെ ബെര്‍ളിയും, ഫൈസലും, കാപ്പുവും, പൊട്ടിച്ചിരിച്ച്‌കൊണ്ട് ചിയേഴ്സ് പറയുന്നു.


---
ഈ കഥ നടക്കുന്നത് 1909 ജൂലൈ 26-നാണ്. അന്ന് ജീവിച്ചിരുന്നവര്‍ക്ക് കോപ്പിറൈറ്റ് ബാധകമല്ലെന്ന് വക്കീല്‍ വക്കാലത്ത് പറഞതിന്റെ അടിസ്ഥാനത്തില്‍ ഡിസ്ക്ലയ്‌മര്‍ ഇല്ല. കഥപത്രവുമായി ആര്‍കെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും സന്ദര്‍ഭികമാണ്.
----
ഞാന്‍ ഒരാഴ്ച കോഴിക്കോട് മെഡികള്‍ കോളേജില്‍ പേ വാര്‍ഡ് ബുക്ക് ചെയ്തിട്ടുണ്ട്, എന്നെ അവിടെ കാണാം.

.

Monday, June 22, 2009

ഉമ്മുകുത്സു - 4

ദി വൺ അൻഡ്‌ ഒൺലി സംഭവംകൊണ്ട്തന്നെ, ഞാൻ കോയാക്കയുടെ വിശ്വസ്തനായ ജോലികാരനായി മാറി. പതിയെ തോട്ടത്തിന്റെ മുഴുവൻ ചുമതലയും ഞാൻ ചുമന്ന്‌നടന്ന് തുടങ്ങി.

വർഷങ്ങൾ പലതും വീണ്ടും കറങ്ങിതിരിഞ്ഞ്‌, തോട്ടത്തിൽതന്നെ വന്ന്‌നിന്നു. ആയിടെയാണ്‌, ഒരിക്കൽ പച്ചക്കറികളുമായി റിയാദിലേക്കുള്ള യാത്രമദ്ധ്യേ, ഞാൻ കോയാക്കയുമായി ഒരു അന്തരാഷ്ട്ര ബിസിനസ്‌ സംസാരിച്ചത്‌. എന്ത്‌കൊണ്ട്‌ നമ്മുക്ക്‌ റിയാദിൽ ഒരു മിനിമാർക്കറ്റ്‌ തുടങ്ങികൂടാ?.

ചോദ്യം ഒരാഴ്ച എവിടെയും തട്ടാതെ വായുവിൽ തങ്ങിനിന്നു. അതിന്റെ മുന കോയാക്കയുടെ നെഞ്ചിലുണ്ടെന്ന്, ഒരാഴ്ചകഴിഞ്ഞാണ്‌ ഞാൻ അറിഞ്ഞത്‌. പതിവ്‌പോലെ പച്ചക്കറികൾ റിയാദിൽ വിറ്റ്‌ മടങ്ങുവാൻ സമയത്ത്‌, കോയാക്കപറഞ്ഞു.

"ഇവിടെ ഒരു കട കാലിയുണ്ട്‌. അത്‌ ഒന്ന് നോക്കീട്ട്‌ പോവാ. പറ്റ്യാണെങ്കി ഞമ്മക്ക്‌ ഇട്‌ക്കാ"

അണ്ടർവെയ്യറിന്റെ അടിയിലും സേഫ്‌ ലോക്കറുണ്ടെന്ന്, കോയാക്കാ ആ ലോക്കറിൽനിന്നും കാശെടുത്തപ്പോഴാണ്‌ ഞാൻ ആദ്യം കാണുന്നത്‌. കട കോയാക്കയുടെ പേരിലാക്കി ഞങ്ങൾ മടങ്ങി.

രണ്ട്‌ ദിവസംകൊണ്ട്‌, ഹക്കിം എംബസി വഴി, മിനിമാർക്കറ്റിന്റെ ലൈസൻസ്‌കിട്ടുകയും, ഒരാഴ്ചക്കുള്ളിൽ കടതുടങ്ങുകയും ചെയ്തു.

വർഷങ്ങൾവീണ്ടും കറങ്ങിതിരിഞ്ഞ്‌ വന്നപ്പോഴേക്കും, മിനി മാർക്കറ്റുകളുടെ എണ്ണംകൂടി. ഇന്ന് റിയാദിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്‌ കോയാക്ക. എല്ലാറ്റിനും നിഴലായി കൂടെ ഞാനും.
-----------
ആദ്യമായി സൗദിയിലെത്തിയവൻ 5-6 വർഷം കഴിഞ്ഞെ നാട്ടിൽപോവുകയുള്ളൂ എന്ന അലിഖിതനിയമത്തിന്റെ അവസാനത്തെ ഡേറ്റും എക്സ്പയറായ ശേഷമാണ്‌, എനിക്കും നാട്ടിൽപോവണമെന്ന് തോന്നിയത്‌. ഇതിനിടയിൽ ഞാൻപോലുമറിയാതെ ഒപ്പനപാട്ടുകളും മൈലഞ്ചിയും മാത്രമല്ല ഒരു മൊഞ്ചത്തിയും എന്റെ സ്വപ്നങ്ങളിൽ സ്ഥാനം പിടിച്ചു. ഉപ്പക്ക്‌ അയക്കുന്ന കത്തുകളിലെ വടിവൊത്ത കൈയക്ഷരംകണ്ട്‌ മാത്രം പരിചയപ്പെട്ട, മറുപടി എഴുതുബോൾ, എന്റെ വക പ്രത്യേക അന്വേഷണങ്ങൾ, പതിയെ സ്വന്തം കത്തിനുള്ളിലായി. എന്റെ വിശദമായ ബയോഡാറ്റ, വിട്ടിലുള്ളതിനാൽ, ഞാൻ ആരാണെന്ന് ഞാനറിയുന്നതിന്‌ മുൻപെ അവൾ അറിഞ്ഞിരുന്നു. കോയാക്കയുടെ കൈയിൽനിന്നും ഫോട്ടോകണ്ട്‌, എഴാം കടലിനിക്കരെനിന്ന് ഞാനും, മാളൂ എന്ന് കോയാക്ക നീട്ടിവിളിക്കുന്ന അവരുടെ പുന്നാരമകൾ രഹനയും വിരഹത്തിന്റെ ചൂടും ചൂരുമനുഭവിച്ചു.

വീട്ടുകാർ എനിക്ക്‌ തകൃതിയായി കല്യാണമാലോചിക്കുന്നുണ്ടെന്നും, മൂന്നോ നാലോ പെൺകുട്ടികളെ സ്റ്റാന്റ്‌ ബൈ ആയി നിർത്തിയിട്ടുണ്ടെന്നും, ബ്രോക്കർമാരുടെ സംസ്ഥാന സമ്മേളനം എന്റെ വീട്ടിലാണ്‌ ഇടക്ക്‌ നടക്കാറുള്ളതെന്നും, നാട്ടിൽ കാല്‌ കുത്തിയ നിമിഷം ഞാൻ അറിഞ്ഞു.

കോയാക്കയുടെ വീട്ടിൽപോവണമെന്നുണ്ടെങ്കിലും, രണ്ട്‌, മൂന്ന് വർഷം കടലിനക്കരെയിരുന്ന്, തമ്മിൽ കാണാതെ പ്രേമിച്ച പെണ്ണിനെ നേരിട്ട്‌ കാണുബോൾ, എന്റെ ഹാർട്ട്‌ ഡിസ്ക്‌ വോൾട്ടേജ്‌ ഫ്ലൿച്ച്യുവെഷൻ കാരണം അടിച്ച്‌പോകുമോ എന്ന ഭയംമൂലം നടന്നില്ല. അത്‌ കാരണം എന്റെ ഉറക്കവും നടന്നില്ല.

പിറ്റെന്ന് കാലത്തെഴുന്നേറ്റ്‌, കോയാക്കയുടെ വീട്ടിലേക്ക്‌ പോകുബോൾ, രണ്ട്‌ മൂന്ന് സ്ഥലത്ത്‌ നിർത്തി ഒന്നിന്‌ പോകുന്ന എന്റെ അവസ്ഥയറിയാതെ, കൂട്ടുകാരന്റെ ന്യയമായ ചോദ്യം

"ഗൾഫിൽനിന്നും വരുന്നവരുടെ പൈപ്പ്‌ ലീക്കാവറുണ്ട്‌ അല്ലെ".

പൂർണ്ണശോഭയോടെ ചന്ദ്രിക തലയുയർത്തി നിൽക്കുന്ന വാനമണ്ഡലം, തരകങ്ങൾ കാവൽനിൽക്കുന്ന ഉദ്യാനമദ്ധ്യത്തിലുള്ള ഒരു കൊച്ചുകുടിൽ. അതിൽ വിടരാൻവെമ്പിനിൽക്കുന്ന പുഷ്പത്തിന്‌ ചുറ്റം, തേൻനുകരുവാൻ കൊതിയോടെ വട്ടമിട്ട്‌ പറക്കുന്ന ചിത്രശലഭം. അക്ഷമയോടെ, ചില്ലകൾതോറും പാറിനടന്ന്, തന്റെ സാന്നിധ്യമറിയിക്കുവാൻ വെമ്പുന്നതും, ചിറകുകളിലുള്ള നിറക്കൂട്ടുകൾ മിനുക്കുന്നതും, ഈറനുടുപ്പണിഞ്ഞ്‌, മന്ദമാരുതൻ കടന്ന്‌പോവുന്നതും ഞാൻ കണ്ടു.

"ഇറങ്ങ്‌, വീടെത്തി" എന്ന സുഹൃത്തിന്റെ ശബ്ദമാണെന്നെ ചിന്തയിൽനിന്നുണർത്തിയത്‌.

എന്റെ ആഗമനം പ്രതീക്ഷിച്ചെന്നപോലെ, കോയാക്കയുടെ ഭാര്യയും മകനും പൂമുഖത്ത്‌ തന്നെ നിൽക്കുന്നു.

അക്ഷരങ്ങളിലൂടെ ഞാൻ അറിയുന്ന ഈ കുടുംബത്തിലെ ഒരോ അംഗങ്ങളും എന്റെ മനസിലുണ്ട്‌. ഇവരുടെ ഉയർച്ചയിലും താഴ്ചയിലും സാക്ഷിയായി ഞാൻ കൂടെയുണ്ട്‌. 5-6 വർഷത്തെ ആത്മബന്ധം.

ചിട്ടയോടെ അലങ്കരിച്ച സ്വീകരണമുറിയിൽ ഞങ്ങളിരുന്നു. ആദ്യമായാണ്‌ ഈ വീട്‌ കാണുന്നതെങ്കിലും, ഇവിടെ എല്ലാം എനിക്ക്‌ സുപരിചിതമാണ്‌. മനോമുകരത്തിൽ കണക്ക്‌കൂട്ടി, മരുഭൂമിയിലിരുന്ന് ഞാൻ നിർദ്ദേശിച്ച ഫർണ്ണിച്ചറുകളും, സെറ്റിങ്ങുകളും, നേരിട്ട്‌ കാണുന്നതിന്റെ അത്മനിർവൃതി.

അകത്ത്‌നിന്നും ആരോക്കെയോ കുശുകുശുക്കുന്നത്‌ അവ്യക്തമായി കേൾക്കാം.

"ഇന്നലെയാണോ വന്നത്‌" കൈയിൽ ജ്യൂസുമായി കടന്ന്‌വരുന്ന പാവടക്കാരിയെ ഞാൻ സകൂതം നോക്കിയിരുന്നു. ചിരപരിചിതരായവർ. എല്ലാവിശേഷങ്ങളും പങ്കുവെച്ചവർ. ആശകളും ആഗ്രഹങ്ങളും പരസ്പരമറിയാവുന്നവർ. മോഹങ്ങളുടെ കൂടാരത്തിൽ പലവുരു അന്തിയുറങ്ങിയവർ. അക്ഷരങ്ങളിലൂടെ, പരസ്പരം വാരിപുണർന്നവർ. എന്നാൽ വർഷങ്ങളുടെ പരിചയമുണ്ടെങ്കിലും, ആദ്യമായി, നേരിട്ട്‌ കാണുന്നതിന്റെ അമ്പരപ്പ്‌. അതിന്റെ ജാള്യത. പിന്നെ അൽഭുതം. സുറുമ എഴുതിയ വിടർന്നകണ്ണുകളിലും അതെ ഭാവം. മുഖത്ത്‌ വിരിയുന്ന പുഞ്ചിരിയിൽ ഞാൻ സായൂജ്യമടഞ്ഞു. എന്റെ നേരെ നീട്ടിയ ഗ്ലാസ്‌ വിറക്കുന്നുണ്ടായിരുന്നു. കണ്ണിൽ കണ്ണിൽ നോക്കി കുശലം പറഞ്ഞ എതാനും നിമിഷങ്ങൾ.

"ഗ്ലാസ്‌ വാങ്ങ്‌. ഇല്ലെങ്കിൽ അത്‌ താഴെ വീണ്‌ പൊട്ടും.' എന്ന സുഹൃത്തിന്റെ ശബ്ദമാണ്‌, ഈ ഭൂമിയിൽ ഞങ്ങൾ രണ്ടാളുകൾ മാത്രമല്ലെന്ന ചിന്തയിലെക്കെന്നെ എത്തിച്ചത്‌. നാണത്തോടെ, തട്ടംകടിച്ച്‌, അവൾ ഓടി മറഞ്ഞു. കൊലുസിട്ട കൊലുന്നനെയുള്ള പാദങ്ങൾ മറയുന്നവരെ ഞാൻ നോക്കിനിന്നു.

കോയാക്കയുടെ മകനുമായും ഭാര്യയുമായും വിശേഷങ്ങൾ പറഞ്ഞിരുന്ന്‌ സമയം പോയതറിഞ്ഞില്ല. ഞാനും ഈ കുടുംബത്തിലെ ഒരംഗമാണല്ലോ. ഇരുകടലിനുമിടയിൽ ഇരുഹൃദയങ്ങളെയും ഇണക്കിചേർക്കുന്നവൻ. ഭക്ഷണം കഴിച്ച്‌ കഴിയുന്ന വരെ, പിന്നിട്‌ മാളുവിനെ കണ്ടില്ല. നയനങ്ങൾ പലവുരു അവളെ തിരഞ്ഞു നടന്നു.

ഭക്ഷണം കഴിഞ്ഞ ശേഷം, പുറത്തിറങ്ങി, വീടിന്റെ പരിസരം വീക്ഷിച്ച്‌കൊണ്ടിരുന്ന എന്റെ അരികിലെത്തി അവൾ പരിഭവത്തോടെ പറഞ്ഞു.

"ഇന്നലെ രാവിലെയല്ലെ വന്നത്‌, എന്നിട്ടിന്നാണോ ഇങ്ങോട്ട്‌ വരാൻ തോന്നിയത്‌, ഒന്ന് കാണുവാൻ കൊതിച്ചിരിക്കുകയായിരുന്നു. കാത്തിരുന്ന് മടുത്തു"

പാറികളിക്കുന്ന മുടിയിഴകൾ, തട്ടത്തിനുള്ളിലേക്ക്‌ മാടിയെതുക്കി, മുഖംകുനിച്ചവൾ പരിതപിച്ചു.

"ഞാൻ നാളെ വരാമെന്ന് കരുതിയതാ" പിടിവള്ളി തേടിനടന്ന ഉള്ളിലുള്ള കാമുകൻ വലയെറിഞ്ഞു

"അയ്യെടാ, എന്നാ കാണായിരുന്നു. ഞാനും ഉമ്മച്ചിയും ഇന്ന് അങ്ങോട്ട്‌ വരാനിരുന്നതാ" എന്റെ ദൈവമെ? പ്രേമം തലക്ക്‌ പിടിച്ചാൽ പെണ്ണിനിത്ര ധൈര്യമോ?.ഞാൻ ഒന്നും പറയാതെ അവളെതന്നെ ശ്രദ്ധിച്ച്‌നിന്നു.

വശീകരണ ശക്തി സ്ത്രിക്കുണ്ടെന്ന് പറയുന്നത്‌ വെറുതെയല്ല. എത്രയോ സാമ്രജ്യങ്ങൾ തകർന്നടിഞ്ഞതും, എത്രയോ ചക്രവർത്തിമാർ സിംഹാസനത്തിൽനിന്ന് നിശ്കാഷിതരായതും സ്ത്രീശക്തിയുടെ കാന്തവലയത്തിലമർന്നായിരുന്നു.

"അല്ല, ഇപ്പളും ഇങ്ങള്‌ ഗൾഫിൽ തന്നെയാണോ?" എന്നെ കളിയാക്കിചിരിച്ച്‌കൊണ്ടവൾ ചോദിച്ചു. ജാള്യതയോടെ ഞാൻ മുഖമുയർത്തി ചുറ്റും നോക്കി.

"എന്നെ നേരിട്ട്‌ കണ്ടല്ലോ, ഇഷ്ടമായോ?" നാണത്തോടെ വീണ്ടുമവൾ എന്നെ നോക്കി. നേരിട്ട്‌ കണ്ടശേഷം മാത്രമേ ഞാൻ എന്റെ ഇഷ്ടം തീർത്ത്‌ പറയൂ എന്നുപറഞ്ഞവളെ പ്രകേപിച്ചിരുന്നു ഞാൻ.

"മാളു, ഞാൻ എങ്ങനെ നിന്നെ ചോദിക്കും. നിന്റെയുപ്പ എനിക്ക്‌ ഒരു മുതലാളി മാത്രമല്ല. ഞാൻ ഞാനായത്‌ നിന്റെ ഉപ്പ കാരണമാണ്‌. ഈ കാണുന്ന ശരീരം മാത്രമേ എന്റെതായുള്ളൂ. ഈ പവറും പത്രാസും ഉണ്ടായത്‌ നിന്റെ ഉപ്പയുടെ കാരുണ്യത്തിലാണ്‌. എന്നാൽ നിന്നെ മറക്കാനും എനിക്കാവുന്നില്ല. നിന്നെ നല്ലരീതിയിൽ കെട്ടിച്ചയക്കണമെന്നാണ്‌ ഉപ്പയുടെ ആഗ്രഹം"

"ഇക്കാക്ക്‌ എന്നെ ഇഷ്ടമാണോ, അത്‌ പറ. ഉപ്പയുടെ കൈയിലെ സ്വത്തല്ല എനിക്ക്‌ വേണ്ടത്‌. ജീവിതകാലം മുഴുവൻ സ്നേഹത്തോടെ എന്നെ സംരക്ഷിക്കുന്ന ഒരാണിനെയാണ്‌. പട്ടിണിയണെങ്കിലും പരിഭവമില്ലതെ ഞാൻ കഴിഞ്ഞോളാം."

"സ്നേഹം വിളമ്പിയാൽ വയറ്‌ നിറയില്ല" ഞാൻ സത്യം തുറന്ന് പറഞ്ഞു

"ഒരു പെണ്ണിന്റെ വിശപ്പടക്കാൻ, സ്നേഹത്തോടെയുള്ള ഒരു വാക്ക്‌ മതി. എന്നെ വിളിച്ചിറക്കി കൊണ്ട്പോവാനുള്ള ധൈര്യമുണ്ടോ?. അല്ലെങ്കിൽ ഇപ്പോ തന്നെ ഞാൻ കൂടെ വരാം എന്താ?" അവളുടെ സ്വരം ഇടറിയിരുന്നു.

"അബദ്ധങ്ങളോന്നും കണിക്കല്ലെ പോന്നെ. വഴിയുണ്ടാക്കാം" എന്ന് പറഞ്ഞവളെ സമാധാനിപ്പിച്ചെങ്കിലും, ഒരു വഴിയും എന്റെ മുന്നിൽ തെളിഞ്ഞുവന്നില്ല.

"പോവാം, നേരം വൈകി" എന്ന് പറഞ്ഞ്‌ വന്ന സുഹൃത്ത്‌ പതിയെ എന്നോട്‌ ചോദിച്ചു "ഇതാണ്‌ നിന്റെ ഖൽബിന്റെ കഷ്ണമെന്ന് നീ പറയാറുള്ള മാളു, അല്ലെ. നിന്റെ സെലക്ഷൻ മോശായിട്ടില്ല. എന്ത്‌ കാര്യത്തിനായാലും എന്റെ ഫുൾ സപ്പോർട്ട്‌ ഞാൻ തരാം"

"ആരോടും പറയരുതെന്നും ആരും അറിയരുതെന്നും പറഞ്ഞിട്ട്‌, ഇക്കതന്നെ എല്ലവരോടും പറഞ്ഞു അല്ലെ. " കലിപൂണ്ട്‌ ചവിട്ടിതുള്ളി അവൾ കടന്ന് പോയി.

തിരിച്ച്‌ വിട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ എങ്ങനെ ഈ മൊഞ്ചത്തിയെ സ്വന്തമാക്കാം എന്ന ചിന്ത മാത്രമായിരുന്നു. നേരിട്ട്‌ പോയി, പെണ്ണ്‌ ചോദിച്ചാൽ, കിട്ടില്ല. കോയാക്കയുടെ അന്തസ്സിന്‌ യോജിച്ച ഒരു ബന്ധമാവില്ല അത്‌. കോയാക്കയുടെ കാരുണ്യത്തിൽ വളർന്ന, വളരുന്ന ഞാൻ, എങ്ങനെ മാളുവിനെ ചോദിക്കും?. കഴ്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട്‌ തുപ്പാനും വയ്യ എന്ന് പറഞ്ഞ അവസ്ഥ.

പവറും പത്രാസും കാണിച്ച്‌ ജീവിക്കുന്നത്‌ കോയാക്കയുടെ കൂടെയുള്ള ജോലികൊണ്ടാണ്‌. ഞാനാണ്‌ അവരുടെ ഭാഗ്യമെന്ന് പലവുരു കോയാക്ക പറഞ്ഞിട്ടുണ്ടെങ്കിലും, സ്വന്തം മകളുടെ കാര്യത്തിൽ ഒരു ഭാഗ്യപരീക്ഷണത്തിന്‌ അവർ തയ്യറാവില്ല. ചോദിക്കുന്നതെന്തും വാങ്ങികൊടുക്കുന്ന, സ്നേഹം ആവോളം വിളമ്പി നൽക്കുന്ന ഒരു മകളെ ഞാൻ തട്ടിയെടുത്താൽ, അത്‌ പൊറുക്കാൻ കോയാക്കക്ക്‌ കഴിയില്ല.

ഉപ്പ നഷ്ടപ്പെട്ട എനിക്ക്‌, സ്നേഹവും വാൽസല്യവും നൽക്കുകയും, വിശ്വസ്തനായി കൂടെ നിർത്തി, എന്നെ ഞാനാക്കുകയും ചെയ്ത പിതാവിനെയോ, മോഹവും സ്വപ്നവുംനൽകി ഞാൻ വളർത്തിയ മകളെയോ എനിക്ക്‌ നഷ്ടപ്പെടുമെന്ന ചിന്തയിൽ, പാതിരകോഴികൾ പലവുരു നീട്ടികൂവിയിട്ടും നേരം പുലാരാത്തതെന്തെ എന്നാലോചിച്ച്‌ ഞാൻ കിടന്നു.